ഉമ്മുനാ ആഇശഃ(റ)യും ഇമാമുനാ ബറേല്‍വി(റ)വും : ദയൂബന്തി കുപ്രചാരണത്തിന് മറുപടി
ഹിജ്റഃ പതിന്നാലാം നൂറ്റാണ്ടിലെ ഇസ്ലാമികസമുദ്ധാരകനും ഇന്ത്യാമഹാരാജ്യത്തിലെ മഹാപണ്ഡിതരിലൊരാളും അക്കാലത്ത് മുസ്ലിം ലോകത്തേക്ക് കടന്നുവന്ന പുത്തന്നിര്മ്മിതവാദക്കാരുടെ ആട്ടിന്‍തോലുകളെ വലിച്ച് കീറി സമുദായത്തിന് മുന്നറിയിപ്പ് നല്‍കിയവരുമായ അനുഗ്രഹീതൂലികയുടെ ഉടമയാണ് അത്യുന്നതവലിയ്യും പ്രവാചകപ്രേമിയുമായ അഅ്ലാ ഹദ്റത് അഹ്മദ് റദ്വാ ഖാന് ഫാദ്വില്‍ ബറേല്‍വി(റ). ഭാരതത്തില്‍ ഒഹാബിസത്തിനും ഖാദിയാനിസത്തിനും വളരാന്‍ വെള്ളവും വളവും നല്കിയ ദയൂബന്തികള്ക്കായിരുന്നു അഅ്ലാ ഹദ്റത്(റ) വലിയ തലവേദന സൃഷ്ടിച്ചത്. നിരവധി ശിഷ്യഗണങ്ങളുണ്ടായിട്ടും ദയൂബന്തികള്‍ കേരളത്തില്‍ വളരാതിരുന്നതിന് വലിയൊരു കാരണവും ഈ മഹാനോരുടെ നിഷ്കളങ്കമായ അധ്യാപനങ്ങളും ശിഷ്യഗണങ്ങളും തന്നെയായിരുന്നു. ഇതുകൊണ്ട് തന്നെയാകണം, കേരളത്തിലെ ദയൂബന്തികള്ക്ക് വളരെ അരോചകമായ നാമങ്ങളിലൊന്നാണ് 'ബറേല്‍വി'.
സത്യത്തില്‍, മഹാനവര്‍കള്‍ക്കെതിരെ ചെറിയ നിലക്ക് പോലും വ്യക്തിഹത്യ നടത്താന്‍ എതിരാളികള്‍ക്ക് സാധിക്കില്ല. കാരണം അത്രമാത്രം സൂക്ഷ്മമായ ജീവിതം നയിച്ചവരാണ് ബഹുമാനപ്പെട്ടവര്‍. എത്രത്തോളമെന്നാല്‍, തങ്ങളുടെ ദയൂബന്തിമഷാഇഖുമാരുടെ പിഴച്ച വാദങ്ങളെ പരമാവധി നന്നാക്കാന്‍ ശ്രമിച്ച ദയൂബന്തികള്‍ പോലും ശൈഖവര്‍കളുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിച്ചിട്ടുണ്ട്. ദയൂബന്തികളുടെ ഏറ്റവും വലിയ അവലംബങ്ങളിലൊരാളും ഹഖീമുല് ഉമ്മഃ എന്ന് അത്യാവേശത്തോടെ അവര്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന അഷ്റഫ് അലി ഥാനവി പറയുന്നത് കാണുക :
"അഹ്മദ് റസാഖാന് ഒരു ആശിഖ് റസൂലാണ്. അദ്ദേഹം ഞങ്ങളെ കാഫിറാണെന്ന് പ്രഖ്യാപിച്ചു. അദ്ദേഹമെങ്ങാനം ഞങ്ങളെ കാഫിറാണെന്ന് പ്രഖ്യാപിച്ചിട്ടില്ലായിരുന്നെങ്കില് ഉറപ്പായും അദ്ദേഹം കാഫിറായിപ്പോകുമായിരുന്നു".(മിനല്‍ അഖ്താബില് ഉമ്മഃ)
അഅ്ലാ ഹദ്റത്(റ)വിന്റെ ഉദ്ദേശ്യശുദ്ധി ശത്രുകേന്ദ്രങ്ങളടക്കം ലോകാംഗീകൃതമായിട്ടും, ദയൂബന്തികളുടെ കേരളീയപര്യായമായി നിലകൊള്ളുന്ന കൗസരികള്‍ മഹാനായ അഅ്ലാ ഹദ്റത്(റ)വിനെതിരെ വസ്തുതാവിരുദ്ധവും അതിനികൃഷ്ടവുമായ തൂലികാപ്രയോഗങ്ങള് നടത്താന്‍ യാതൊരു വിധ മടിയും കാട്ടിയില്ല. തങ്ങളുടെ ആദര്ശനേതാക്കളെ അവമതിക്കപ്പെടുന്നതിന് പ്രധാനകാരണമായ അഅ്ലാ ഹദ്റത്(റ)വിനെ ഏതുനിലക്കും കരിവാരിത്തേക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനായി സെപ്റ്റിക് ടാങ്കുകളില്‍ പോലും മുങ്ങിത്തപ്പാന്‍ അവര്‍ ശ്രമം നടത്തി. ഉത്തരേന്ത്യന്‍ ദയൂബന്തികള്‍ സ്വയം നാറാന്‍ കാരണമായ ഒരു പുല്‍ക്കാടി മാത്രമായിരുന്നു അവര്‍ക്കവസാനം ലഭിച്ചത്. കേരളീയര്‍ക്കിടയില്‍ ഈ ആരോപണത്തിലൂടെ അഅ്ലാഹസ്രതിനോടുള്ള സുന്നികളുടെ ആഭിമുഖ്യത്തിന് തടയിടാമെന്നവര് കരുതി. പക്ഷെ, കൂനിന് മേല്‍ കുരു എന്നത് പോലെയായി ദയൂബന്തികളുടെ അവസ്ഥ. പ്രസ്തുത ആരോപണത്തിലേക്ക് നമുക്കൊന്ന് കടന്നുചെല്ലാം. കൗസരികള്‍ എഴുതുന്നു :
റളാഖാന്‍ ഹദാഇഖ് ബഖ്ശ് എന്ന തന്റെ ഗ്രന്ഥത്തില്‍ വാല്യം മൂന്ന് പേജ് 37ല്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആയിഷ(റ)യെക്കുറിച്ച് രചിച്ച കവിത ശ്രദ്ധിക്കുക.
"ഇടുങ്ങിയ വസ്ത്രത്തില്‍ അവരുടെ ശരീരവടിവുകള്‍ തെളിഞ്ഞ് കാണപ്പെട്ടിരുന്നു. അരക്കെട്ട് വരെയുള്ള മേല്‍വസ്ത്രം അഴിക്കുമ്പോള്‍ അതിന്റെ നാരിഴകള്‍ മാറിപ്പോകുന്നു. അവരുടെ ശരീരം എന്റെ ഹൃദയത്തിന്റെ ഛായാചിത്രമായി മാറിയിരിക്കുന്നു. അവരുടെ വദനവും നെഞ്ചും പ്രകടമായിരുന്നു".
ഇത്രയും മോശമയാ നിലയില്‍ ആയിഷ(റ)യെ വര്‍ണിക്കാന്‍ ഒരു ശീഈക്കല്ലാതെ മറ്റൊരാള്‍ക്ക് എങ്ങിനെ ധൈര്യം വരും.---(ദേവ്ബന്ദ് പണ്ഡിതര്‍ നവോത്ഥാനശില്പികള് : പേജ് 152 )---
തീര്‍ച്ചയായും ഈ ആരോപണം ഏതൊരു സത്യവിശ്വാസിയെയും ഞെട്ടിപ്പിക്കും. ഒരു സാധാരണക്കാരനെപ്പോലും. എന്നിരിക്കെ, അല്ലാഹുവിന്റെ ചിഹ്നങ്ങള്‍ക്ക് വേണ്ടി അഹോരാത്രം തന്റെ ജീവിതത്തെ സമര്‍പ്പിച്ച മഹാനായ അഅ്ലാ ഹദ്റത് അഹ്മദ് റദ്വാ ഖാന് ബറേല്‍വി(റ) ഇത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. തീര്‍ച്ചയായും, ഇല്ല. മഹാനവര്കള് അങ്ങനെ പറഞ്ഞിട്ട് തന്നെയില്ല. മഹാനവര്‍കളുടെ പേരില്‍ ആരോ കെട്ടിയുണ്ടാക്കിയ കവിതാശകലമായിരുന്നു അത്.
മൂന്നാം വാല്യം അഅ്ലാ ഹദ്റത്(റ)വിന്റേതല്ല!!!
-------------------------
ഹദാഇഖേ ബഖ്ശിഷ് എന്നത് അഅ്ലാ ഹദ്റത്(റ)വിന്റെ കവിതാസമാഹാരമാണ്. രണ്ട് വാല്യങ്ങളിലായി ഇത് മഹാനവര്‍കളുടെ ജീവിതകാലത്ത് തന്നെ പ്രസിദ്ധം ചെയ്യപ്പെട്ടു. ഹിജ്റഃ 1325ലായിരുന്നു അത്. ഇതിന്റെ പ്രസാധനത്തിന് ശേഷം ഏതാണ്ട് പതിനഞ്ച് കൊല്ലത്തോളം പിന്നെയും അഅ്ലാ ഹദ്റത്(റ) ഈ ലോകത്ത് സജീവമായിരുന്നു. 1340ലാണ് മഹാനവര്‍കളുടെ വിയോഗം. ഇക്കാലയളവിലൊന്നും തന്നെ ഹദാഇഖേ ബഖ്ഷിഷിന് മൂന്നാമതൊരു വാല്യം മഹാനവര്കള് ഇറക്കിയിരുന്നില്ല. എന്നിരിക്കെ, മഹാനവര്‍കളുടെ കാലത്തിറങ്ങാത്ത ഒരു വാല്യത്തിലുള്ള വരികളാണ് ദയൂബന്തികളുടെ കുപ്രചാരണത്തിന്റെ ഏകാവലംബം.
മാത്രമല്ല, അഅ്ലാ ഹദ്റത്(റ)വിന്റെ കൃതികളുടെ നാമങ്ങള്‍ക്ക് പോലും പ്രത്യേകതയുണ്ട്. തന്റെ ഏതൊരു കൃതിയുടെ നാമമെടുത്ത് പരിശോധിച്ചാലും അതിന്റെ വര്‍ഷം അതില്‍ സൂചിപ്പിച്ചിരിക്കും. അബ്ജദി കണക്കിലൂടെ അക്ഷരങ്ങളുടെ വില കൂട്ടി നോക്കിയാല്‍ കൃത്യം രചനയുടെ വര്‍ഷം തെളിഞ്ഞ് നില്ക്കും. ഹദാഇഖേ ബഖ്ഷിഷിന്റെ കാര്യവും അങ്ങനെ തന്നെ. രണ്ട് വാല്യവും പുറത്തിറങ്ങിയ വര്‍ഷം വളരെ കൃത്യമായ ആ നാമത്തിലുണ്ട്. ശ്രദ്ധിക്കുക :
ح + د + ا + ي + ق + ب + خ + ش + ش = 1325
8+4+1+10+100+2+600+300+300 = 1325
കണ്ടില്ലേ, എത്ര കൃത്യമായാണ് ഹദാഇഖേ ബഖ്ഷിഷ് അതിറങ്ങിയ വര്‍ഷത്തെ സൂചിപ്പിക്കുന്നതെന്ന്. എന്നിരിക്കെ, മഹാനവര്‍കളുടെ കാലത്ത് പുറത്തിറങ്ങാത്ത ഒരു വാല്യത്തിന്റെ ഉത്തരവാദിത്വം എങ്ങനെ മഹാനവര്കള് ചുമക്കും. ദയൂബന്തികള്‍ ആരോപിക്കുന്ന മൂന്നാമതൊരു വാല്യം സത്യത്തില്‍ അഅ്ലാ ഹദ്റത്(റ) പുറത്തിറക്കിയിട്ടില്ല തന്നെ. പിന്നെങ്ങനെയാണ് അതിലുള്ള ഏതെങ്കിലും കവിതക്ക് മഹാനവര്കള് ഉത്തരവാദിയാവുക!!!
പ്രസാധനത്തിന് പിന്നില്‍ ആര്?
------------------------------
ദയൂബന്തികള്‍ ആരോപിക്കുന്ന കവിത ഉള്‍പ്പെടുന്ന ഹദാഇഖേ ബഖ്ഷിഷിന്റേതെന്ന് പറയപ്പെടുന്ന മൂന്നാം വാല്യം പുറത്തിറങ്ങുന്നത് സത്യത്തില്‍ മഹാനായ അഅ്ലാ ഹദ്റത്(റ)വിന്റെ കാലശേഷമാണ്. ഹിജ്റഃ 1342 ദുല്‍ഹിജ്ജയില്‍, മുംബൈയിലെ നാബിഹഃ സ്റ്റീം പ്രസില്‍ നിന്നും അച്ചടിക്കപ്പെട്ട ഈ വാല്യം മൗലാനാ മഹ്ബൂബ് അലി ഖാന് എന്ന വ്യക്ത്വമാണ് അഅ്ലാ ഹദ്റത്(റ)വിന്റെ പേരില്‍ പ്രസിദ്ധം ചെയ്യുന്നത്. അഅ്ലാ ഹദ്റത്(റ)വിന്റെ മരണശേഷം ക്രോഡീകരിക്കാത്ത പല കവിതകളും മഹാനവര്‍കളുടെ പേരില്‍ പ്രചരിക്കപ്പെട്ടിരുന്നു. അവയൊക്കെയും ക്രോഡീകരിക്കണമെന്ന ആഗ്രഹമായിരുന്നു സത്യത്തില്‍ മൗലാനാ മഹ്ബൂബ് അലി ഖാനെ ഈ ഉദ്യമത്തിലേക്ക് പ്രേരിപ്പിച്ചത്. അങ്ങനെയദ്ദേഹം തകൃതിയായ അന്വേഷണം നടത്തുകയും പലരില്‍ നിന്നും അത്തരം കവിതകള്‍ സമാഹരിച്ച് അതൊരു ഗ്രന്ഥമായി പുറത്തിറക്കി. പക്ഷെ, ലഭ്യമായ പദ്യങ്ങളുടെയും കവിതകളുടെയും വിശ്വാസയോഗ്യത കൃത്യമായി നിര്‍ണ്ണയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്ന് മാത്രമല്ല, ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടവയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിനെക്കൂടാതെ അച്ചടിക്കാനായി ഏല്പിക്കപ്പെട്ട പ്രസാണെങ്കില് സുന്നീവിരുദ്ധരുടേതും. അവര്‍ പലതും മൗലാനയുടെ സമ്മതമില്ലാതെ ചേര്‍ക്കുകയു ചെയ്തു. ഇങ്ങനെ, പല ശ്രദ്ധക്കുറവും മൗലാനക്ക് സംഭവിച്ചു. നൂറ് ശതമാനവും സൂക്ഷ്മത പുലര്‍ത്താതെയായിരുന്നു മൗലാനാ മഹ്ബൂബ് അലി ഖാന് ഇത് പ്രസാധനം ചെയ്യുന്നത് തന്നെ. എല്ലാത്തിനും പുറമെ, ഈ രൂപത്തില്‍ അച്ചടിക്കപ്പെട്ട കൃതിക്ക് ബാഖിയാതെ റസാ (റസാ ശേഷിപ്പുകള്‍) എന്ന് നാമകരണം ചെയ്യപ്പെടേണ്ടതിന് പകരം ഹദാഇഖേ ബഖ്ഷിഷിന്റെ മൂന്നാം വാല്യം എന്നായിരുന്നു അദ്ദേഹം പ്രസാധനം ചെയ്തത്. ഫലമോ, സകലരും ഇത് അഅ്ലാ ഹദ്റത്(റ)വിന്റെ കൃതിയായി കണക്കാക്കുകയും അതിലെ കവിതാശകലങ്ങളൊക്കെയും മഹാനരുടേതാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു.
വിവാദവും മൗലാനയുടെ പരസ്യപശ്ചാതാപവും
--------------------------
അഅ്ലാ ഹദ്റത്(റ)വിന്റെ വിയോഗത്തിന് ശേഷം ഹിജ്റഃ 1342 ദുല്‍ഹിജ്ജയില്‍ ഹദാഇഖേ ബഖ്ഷിഷിന്റെ പേരിലുള്ള മൂന്നാം വാല്യം പുറത്തിറങ്ങിയതോടെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മേല്‍പ്പറയപ്പെട്ട കവിതയടക്കമുള്ള പലതും വിമര്‍ശനവിധേയമാക്കപ്പെട്ടു. സാത്വികനായ മൗലാനാ മഹ്ബൂബ് അലി ഖാന് തന്റെ അശ്രദ്ധയും പാളിച്ചയും പൂര്‍ണ്ണമായി ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെ, മാഹ്നാമാ സുന്നി ലഖ്നൗ മാസികയുടെ ഹിജ്റ 1374 ദുല്‍ഹിജ്ജ ലക്കത്തില്‍ അദ്ദേഹം പരസ്യമായി തന്റെ തൗബാനാമ അഥവാ പശ്ചാതാപപ്രസ്താവന പ്രസിദ്ധീകരിച്ചു. പ്രസ്തുത പശ്ചാതാപപ്രസ്താവനയുടെ വ്യക്തമായ വചനങ്ങളിതാ :
فقير حقير اپنی غلطياں اور تساہل كا اعتراف كرتي ہوۓ. الله تبارك وتعالى كا حضور مين اس خطأ اور غلطىاں كى معاف چاہتا ہوں اور استغفار كرتا ہوں
ആശയം : "പരമസാധുവും നിസ്സാരനുമായ ഈയുള്ളവന്റെ പിഴവുകളും ഉദാസീനതയും സ്വയം സമ്മതിക്കുന്നതോടൊപ്പം അല്ലാഹുവിന്റെ സന്നിധിയില്‍ ഈ പിഴവുകള്‍ക്കുള്ള മാപ്പ് തേട്ടവും പൊറുക്കലിനെ ചോദിക്കലും നടത്തുകയാണ്".
സത്യത്തില്‍, വിവാദപരമായ ഭാഗങ്ങള്‍ മൗലാനാ മഹ്ബൂബ് അലി ഖാന് ലഭ്യമായവയിലുണ്ടായിരുന്നില്ല. മറിച്ച്, വളരെ ഹീനമായ ഈ കൃത്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രസാധനം ചെയ്യാന്‍ ഏല്പിച്ച പ്രസിന്റെ അധികൃതരായിരുന്നു. മൗലാനാ മഹ്ബൂബ് അലി ഖാന് തന്നെ പറയട്ടെ :
اتفاق سے كاتب اور مالک پرس دونوں بد مذہب تهے. ان لوگون سے قصدا يہ سہوا يہ تقديم وتأخير اور تبديل وتغيير ظہور ميں آتى.
ആശയം : "പ്രസിന്റെ ഉടമയും എഴുത്തുകാരനും മദ്ഹബ്നിരാസരായിരുന്നുവെന്നുള്ളത് അവിതര്‍ക്കിതമാണ്. അവര്‍ രണ്ടുപേരും മനഃപൂര്‍വ്വമോ അറിയാതെയോ സ്ഥാനവ്യത്യാസങ്ങളും മാറ്റത്തിരുത്തലുകളും നടത്തിയത് വളരെ വ്യക്തമായിട്ടുണ്ട്".
ഇതിന് പുറമെ, 1955 കാലഘട്ടത്തില്‍ തന്നെ ഈ അപവാദത്തിനുള്ള മറുപടികളും തെളിവുകളും പണ്ഡിതലോകം വ്യക്തമായി ചര്‍ച്ച ചെയ്യുകയും അവയ്ക്ക് തീര്‍പ്പു കല്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തെ ആസ്പദമാക്കി ഡോ. കൗകബ് നൂറാനി എന്ന പണ്ഡിതന് 'സഫേദോ സിയാഹ്' എന്ന പേരില്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചു. ഇത് കൂടാതെ 'റദാ കീ സബാന് തുമ്ഹാരേ ലിയേ' എന്ന ഗ്രന്ഥത്തിലും ഈ വിവാദമാണ് ചര്‍ച്ചാവിഷയം. പാകിസ്ഥാനിലെ വലിയ ഉര്ദുസാഹിത്യകാരനും പണ്ഡിതനുമായ ഖലീല്‍ റാണയും 'ഇമാം അഹ്മദ് റദ്വാ കീ നഅതിയഃ ദീവാന്‍ ഹദാഇഖേ ബഖ്ഷിഷ്...' എന്ന് തുടങ്ങുന്ന നാമധേയത്തില്‍ ഒരു കൃതി ഇവ്വിഷയകമായി തയ്യാറാക്കിയിട്ടുണ്ട്. മൊത്തത്തില്‍ ഏതാണ്ട് അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ, വസ്തുത വ്യക്തമാവുകയും കെട്ടടങ്ങുകയും സകലര്‍ക്കും സത്യബോധ്യം കൈവന്നതുമായ ഈ വിവാദം വീണ്ടും കൗസരികള്‍ പൊക്കിക്കൊണ്ട് വന്നതില്‍ തന്നെ അവരുടെ ഉദ്ദേശ്യശുദ്ധി പ്രകടമാണല്ലോ. സത്യവാഹകരും നിഷ്പക്ഷരുമായ ചരിത്രാന്വേഷികളുടെ ഒരു വിധ പ്രതിനിധാനവും ദയൂബന്തികള്ക്കില്ലായെന്നതിന്റെ പ്രകടമായൊരു ഉദാഹരണം മാത്രമാണിത്.
